ദൈവം



ദൈവമുണ്ടോ ???
ഉണ്ടല്ലോ ,നീ കണ്ടിട്ടില്ലേ ??,  അമ്പലത്തിൽ ,പള്ളിയിൽ എല്ലാം ദൈവമുണ്ടല്ലോ ...  എന്താ ഇപ്പൊ ഇങ്ങനെയൊരു ചോദ്യം ??
ദൈവം അന്ധനാണോ ??
അല്ലല്ലോ, ആണെങ്കിൽ ഈ ജനങ്ങളെല്ലാം ഇങ്ങനെ ദൈവങ്ങളെ വിളിക്കുമോ ??
എവിടെയാണ് ദൈവമിരിക്കുന്നത് ??
അതങ്ങ് സ്വർഗ്ഗത്തിലല്ലേ
ഈ സ്വർഗ്ഗമെവിടെയാണ് ??
എന്റെ കുഞ്ഞേ നീയിങ്ങനെ കുഴക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത് ,എല്ലാത്തിനുമൊന്നും ഉത്തരം തരാൻ പറ്റില്ല, ഇതൊക്കെയൊരു വിശ്വാസമാണ് ,നമ്മൾ ജനിച്ചു വീഴുമ്പോൾ മുതൽ നാം കേൾക്കുന്നതും കാണുന്നതുമായ വിശ്വാസം .

ആ  അപ്പുപ്പന്റേം കൊച്ചുമകന്റേം സംസാരം കേട്ടുള്ള യാത്ര രസകരമായിരുന്നു . ആ കുഞ്ഞുമകൻ ചോദിച്ച ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു .
" ദൈവമുണ്ടോ ??,  എവിടെയാണ് ദൈവം ???"
ഞാൻ കയറിയിട്ടുള്ള പള്ളികളിൽ എല്ലാം ക്രൂശിൽ കിടക്കുന്ന ദൈവത്തെ കണ്ടു , ആ ദൈവം ക്രൂശിൽ നിന്ന് ഉയർത്തെഴുന്നേറ്റു എന്ന് പറഞ്ഞിട്ട് എന്തിനാണ് വീണ്ടും ക്രൂശിൽ കിടക്കുന്ന രൂപത്തെ  ആരാധിക്കുന്നത് ??. ഞാൻ കയറിയ അമ്പലങ്ങളിലും കണ്ടു  ദൈവങ്ങളുടെ പല അവതാരങ്ങളെ. ഇതിൽ ഇതാണ് ദൈവം ??  ,ഇവിടെയെല്ലാം ദൈവങ്ങൾ ഇരിപ്പുണ്ടോ ??.
ആബേലച്ചൻ പാടിയത് പോലെ ഈശ്വരനെ തേടി ഞാനിറങ്ങി,  കണ്ടില്ലാ ഈ വിശുദ്ധ സ്ഥലങ്ങളിലൊന്നും , ഒരു ആൾ ദൈവങ്ങളിലും ഞാൻ കണ്ടില്ലാ ദൈവത്തെ. പതിയെ ഞാൻ പള്ളികളുടേം അമ്പലങ്ങളുടേം മസ്ജിദുകളുടേം പുറത്തേക്ക് ഇറങ്ങി,  അവിടെ ഞാൻ കണ്ടു ദൈവത്തെ ,പലരിലും പല രൂപത്തിൽ, പലരും എന്നിലും കണ്ടു ദൈവത്തെ.
കൊച്ചിയിലെ പ്രസിദ്ധമായ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട മെഹറുന്നിസയ്ക്കു ഞാൻ ദൈവമായി, രോഗത്തെ കുറിച്ച് പറഞ്ഞു തരുമ്പോൾ ഡോക്ടർ എനിക്ക് ദൈവമായി,പുറത്തേയ്ക്ക് ഇറങ്ങി വയസായ അപ്പച്ചന്റെ കൈ പിടിച്ചു നടക്കാൻ സഹായിച്ചപ്പോ അപ്പച്ചന്റെ പുഞ്ചിരിയിലും ഞാൻ കണ്ടു ദൈവത്തെ. കോടികൾ ചിലവഴിച്ചു എറണാകുളത്തു പണിത പ്രശസ്തമായ പള്ളിയുടെ ഉള്ളിൽ നിന്ന് പുറത്തേയ്ക്ക് വന്നപ്പോൾ ഒരു നേരത്തെ ആഹാരത്തിനു കുറച്ചു ചില്ലറ കൈയിലേക്ക് കൊടുത്തപ്പോളും ഞാൻ കണ്ടു ആ വലിയ പള്ളിയുടെ അൾത്താരയിൽ ഞാൻ കാണാത്ത ദൈവത്തെ ആ അമ്മയുടെ കണ്ണുകളിൽ.
ദൈവത്തെ കാണേണ്ടത് നമ്മുടെ ചുറ്റുമാണ്,  കോടികൾ മുടക്കി അൾത്താരയും ,ശ്രീകോവിലും, മസ്ജിദും പണിതാലും സ്വർണം കൊണ്ട് താലം ഉണ്ടാക്കിയാലും രൂപം ഉണ്ടാക്കിയാലും, നേർച്ചയിട്ടാലും ദൈവത്തെ കാണില്ല,  നിറക്കേണ്ടത് നേർച്ച പെട്ടികളല്ല വിശന്ന വയറുകളാണ് . ഈ ലോകം മുഴുവനും ചമച്ചവന് ഇരിക്കാൻ കോടികളല്ല മുടക്കേണ്ടത് , നമ്മുടെ ചുറ്റും നനഞ്ഞൊലിച്ചു , ഒന്ന് കേറികിടക്കാൻ ഒരിടമില്ലാത്തവന് , സംരക്ഷണം  ഇല്ലാത്തവന് അടച്ചുറപ്പുള്ള ഒരു കൂരയാണ് ഒരുക്കേണ്ടത്, ദൈവം ഇരിക്കുന്നത് എന്നിലും നിന്നിലുമാണ്,  കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവന് കാണാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുമോ ??
സാധിക്കാത്തതു കൊണ്ടാണ് ഇന്നലെ ഒരു പാവത്തെ അടിച്ചു കൊന്നത്, എന്നും പള്ളിയിലും അമ്പലത്തിലും പോകുന്നത് കൊണ്ടോ അഞ്ചു നേരം നിസ്കരിക്കുന്നത് കൊണ്ടോ ഒരാളും ദൈവത്തെ കാണില്ല ,നിങ്ങൾ  ഉണ്ട് എന്ന് വിശ്വസിക്കുന്ന സ്വർഗം കാണാനും പോകുന്നില്ല. ഓരോരുത്തരും അവരവർ ചെയ്യുന്ന കർമങ്ങളുടെ ഫലം അനുഭവിച്ചു തന്നെ കടന്നു പോകും ആ കർമഫലമാണ് എന്റേം നിങ്ങളുടേം  സ്വർഗം ... ഒരു ഉറപ്പുമില്ലാത്ത മുകളിൽ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കുന്ന  സ്വർഗം നേടാനായി ഇരുപത്തിനാല് മണിക്കൂറും പ്രാർത്ഥിച്ചു നടന്നത് കൊണ്ട് കാര്യമില്ല, ജീവിക്കുമ്പോൾ മനുഷ്യനായി ജീവിക്കു , ഒരു കരം കൊണ്ട് ഒരാളെയെങ്കിലും താങ്ങു , എങ്കിൽ എന്റേം നിങ്ങളുടേം ജന്മംകൊണ്ട് പ്രയോജനം ഉണ്ടാകും, ഞാനും നിങ്ങളും കാണാൻ ആഗ്രഹിക്കുന്ന ദൈവത്തെ കാണാൻ സാധിക്കും  സ്വർഗ്ഗവും നരകവും എല്ലാം ഇവിടെ തന്നെ 
ആ കുഞ്ഞ് മകനോട് ഇന്നെനിക്ക് പറയാം "ദൈവം നിന്നിൽ തന്നെയാണ്,  നിന്റെ കർമ്മമാണ് നിന്റെ ദൈവം "

ഷീനു

Comments