വിലയ്ക്ക് വാങ്ങുന്ന മാതൃത്വം
ഒരു ട്രെയിൻ യാത്രയിലാണ് ഞാനവളെ പരിചയപ്പെടുന്നത്, ജനലഴികളിലൂടെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന അവൾ, ഇടയ്ക്കിടെ പൊട്ടിയൊഴുകുന്ന മിഴികൾ, കുറേനേരം ഞാനവളെ നോക്കിയിരുന്നു, ഒറ്റനോട്ടത്തിൽ തന്നെയറിയാം അവൾ ആകെ അവശയാണ് . ഒന്നുമാത്രമെനിയ്ക്ക് മനസിലായി കാഴ്ചകൾ പിന്നോട്ടാക്കുന്ന ആ യാത്ര പോലെയാണ് അവളുടെ മനസ്സും, പിന്നോട്ട് പോയ ഏതോ ഓര്മയിലാണ് അവൾ. ഇടയ്ക്കെപ്പോഴോ അവളുടെ നോട്ടം എന്നിലേയ്ക്ക് പാളിവീണു, അവളെ തന്നെ നോക്കിയിരുന്നത് കൊണ്ടാകാം അവളൊന്ന് പുഞ്ചിരിച്ചു തിരിച്ചു ഞാനും .
സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു ട്രെയിൻ ആന്ധ്രാപ്രദേശിലേക്ക് കടന്നു, പതിയെ ഞാനവളെയൊന്നു തട്ടിവിളിച്ചു, ഒരു ഞെട്ടലിൽ അവൾ എന്റെ മുഖത്തേക്ക് നോക്കി, എന്തേ എന്ന ഭാവത്തോടെ , എന്റെ കൈയിലിരുന്ന ഒരു കപ്പ് ചായ ഞാനവൾക്ക് കൊടുത്തു ,പതിയെ പരിചയപ്പെട്ടു, ആദ്യമൊക്കെ സംസാരിക്കാൻ കൂട്ടാക്കാതിരുന്ന അവൾ പതിയെ സംസാരിച്ചു തുടങ്ങി. കണ്ണുകളിൽ വിഷാദം മാത്രം, ഇടയ്ക്കിടെ അത് നിറഞ്ഞൊഴുകുന്നുമുണ്ട്. പതിയെ അവളെന്നോട് പറഞ്ഞു, "ദിദി എന്റെ സ്തനങ്ങൾ വേദനിക്കുന്നു എനിക്ക് സഹിക്കാൻ കഴിയുന്നില്ല ദിദി ഈ വേദനയ്ക്ക് എന്തേലുമൊന്നു ചെയ്യൂ" അവളുടെ മുഖത്ത് അവൾ അനുഭവിക്കുന്ന വേദനയുടെ തീവ്രത മുഴുവനുമുണ്ടായിരുന്നു. ഞാനൊരു നേഴ്സ് ആണെന്നറിഞ്ഞത്കൊണ്ട് മാത്രമാണ് അവളിതെന്നോട് പറഞ്ഞത് ഞാനവളെ പരിശോധിച്ചപ്പോൾ കല്ലുപോലെ കട്ടിയായ അവളുടെ മാറിടങ്ങൾ, അതിന്റെ വേദന, ഞാൻ അവളെ ഒന്നൂടെ നോക്കി, അവളെന്നോട് പതിയെ പറഞ്ഞു " രണ്ടു ദിവസങ്ങൾക്ക് മുൻപ് പ്രസവം കഴിഞ്ഞൊരു പെണ്ണാണ് ഞാൻ " ഞെട്ടലോടെ ഞാനവളെ ഒന്ന് നോക്കി, കേവലം പതിനെട്ടു വയസ് പോലുമില്ലാത്ത ഒരു കൊച്ചു പെൺകുട്ടി, പെട്ടന്ന് പല ചിന്തകളും എന്റെ മനസിലേക്ക് കടന്നുവന്നു ആരെങ്കിലും ചതിച്ചതാകാം അല്ലെങ്കിൽ ഈ കൊച്ചു പ്രായത്തിൽ അതും പ്രസവം കഴിഞ്ഞു കഷ്ടിച്ച് രണ്ടു ദിവസം പോലും ആകുന്നതിനു മുൻപ് ഇവൾ ഇങ്ങനെ ഒരു യാത്ര. ട്രെയിനിലെ വൃത്തിഹീനമായ ടോയ്‌ലെറ്റിൽ അവളെ കൊണ്ടുപോയി പതിയെ തടവി ആ പാൽ കുറിച്ചെങ്കിലും പിഴിഞ്ഞു കളഞ്ഞു. ഏറ്റവും അമൃതായ, ഒരു പിഞ്ചുകുഞ്ഞിനു ഏറ്റവും ആവിശ്യമായ പാൽ....
പതിയെ അവളെന്നോട് മനസ് തുറന്നു ."അതേ ദിദി ഞാനൊരു സെറോഗേറ്റീവ് മദറാണ് ", സ്വന്തം കുഞ്ഞിന്റെ മുഖംപോലുമൊന്ന് കാണാൻ ഭാഗ്യമില്ലാത്ത വാടകക്കാരിയായ ഒരമ്മ. ഇത് പറഞ്ഞവൾ പൊട്ടിക്കരഞ്ഞു
രാത്രിയിൽ കള്ളന്മാരുടെ നാട് എന്ന് പേരുകേട്ട റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ അവളിറങ്ങി, തനിയെ പോകാൻ പേടിയില്ലേ എന്ന എന്റെ ചോദ്യത്തിന് തിരിഞ്ഞുനിന്ന് അവളൊന്ന് പുഞ്ചിരിച്ചു, അതിൽ എല്ലാമുണ്ടായിരുന്നു....
പിന്നെയുള്ള എന്റെ യാത്രയിൽ മുഴുവൻ അവളായിരുന്നു അവളെ പോലെയുള്ള അമ്മമാരായിരുന്നു മനസ്സിൽ. ഒരാത്മബന്ധവും ഉദരത്തിൽ വളരുന്ന ജീവനോടുണ്ടാകരുത് എന്നുപറഞ്ഞു ആവശ്യക്കാരും ഇടനിലക്കാരും അവളുടെ ഗർഭപാത്രം പത്തുമാസത്തേക്ക് വാടകയ്ക്ക് എടുക്കുന്നു. ഒരാത്മബന്ധവും ഉണ്ടാകരുതെന്ന് പറയുമ്പോളും തന്റെ ഉദരത്തിൽ തുടിക്കുന്നൊരു ജീവനോട് ഏതൊരു സ്ത്രീക്കും ഒരാത്മബന്ധം ഉണ്ടാകില്ലേ ??. പ്രസവിക്കുന്ന കുഞ്ഞിന്റെ മുഖമൊന്ന് കാണാനോ കൈകളിൽ ഒന്നെടുക്കാനോ ഈ അമ്മമാർക്ക് അവകാശമില്ല, ആകെ അവൾ കേൾക്കുന്നത് പിറന്ന് വീഴുമ്പോളുള്ള ആ കുഞ്ഞിന്റെ കരച്ചിൽ മാത്രം, പൊക്കിൾക്കൊടി മുറിക്കുന്നതോടെ ഈ ജന്മത്തിലെ അവരുടെ ബന്ധങ്ങളും അറ്റുപോകുന്നു. നൊന്തുപ്രസവിക്കുന്ന ഏതൊരു സ്ത്രീക്കുമുണ്ടാകുന്ന വികാരങ്ങളെല്ലാം ഓരോ വാടക അമ്മമാർക്കുമുണ്ടാകും,അവർക്ക് വിലപറഞ്ഞു മേടിക്കാൻ സാധിക്കുന്നത് അവളിലെ ഗർഭപാത്രം മാത്രമാണ് ,അവളുടെ മനസിനെ വിലയിട്ട് വാങ്ങാൻ ആർക്കുമാകില്ല .ഒരു ബന്ധവും ഉണ്ടാകില്ല എന്ന് പറയുമ്പോളും പത്ത് മാസം മനസുകൊണ്ട് അവളും ഒരമ്മയാണ് , ഏതൊരു ഗർഭിണി സ്ത്രീയ്ക്ക് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും അവളിലും ഉണ്ടാകുന്നു, മനസുകൊണ്ട് അവളും പാടിയിട്ടുണ്ടാകാം താരാട്ടുപാട്ടുകൾ , മനസ്സിൽ അവളും നെയ്തിട്ടുണ്ടാവും അവളുടെ ഉദരത്തിലെ കുരുന്നിന്റെ രൂപം.
പലരും നിവൃത്തികേടുകൊണ്ടാണ് ഇതിന് സമ്മതിക്കുന്നത്. ഒരു അവകാശവാദവും പറഞ്ഞു ഈ അമ്മമാർ ഒരിക്കലും വരില്ല, ഇതൊരു വ്യവസായം ആക്കിയവർ ,ഇതിൽ നിന്ന് ലാഭങ്ങൾ കൊയ്യുന്നവർ ഒരു ദയ കാണിക്കണം, സ്വന്തം ഉദരത്തിൽ നിന്ന് പുറത്തു വരുന്ന ജീവന്റെ മുഖമൊന്ന് കാണിച്ചു കൊടുക്കണം, വാടകയാണ് എങ്കിലും അവളും ഒരമ്മയായിരുന്നു പത്തുമാസം. പ്രസവിച്ച കുഞ്ഞിന്റെ മുഖമൊന്ന് കാണാൻപറ്റാത്ത, അവനെ കൈകളിൽ എടുക്കാൻ സാധിക്കാത്ത ഒരമ്മ മനസിന്റെ വേദന ഒരു തീരാവേദന തന്നെയാണ് എത്ര പണം കൊടുത്തും മായിക്കാൻ കഴിയാത്ത വേദന.
ഷീനു


Comments
Post a Comment