അവർക്കായ് ഒരു ദിനം
"ചേച്ചി മിന്നാമിനുങ്ങിനെ കണ്ടിട്ടുണ്ടോ ??"
എന്ത് ചോദ്യമാണ് ജോബി ഇത്, ഉണ്ടല്ലോ
"ചേച്ചികണ്ട മിന്നാമിനുങ്ങുകൾ അല്ലാ.."
"പിന്നെ ??"
"ആരോരുമില്ലാത്തവർ കാണുന്ന മിന്നാമിന്നി"
"ആഹാ, അങ്ങനെ പ്രത്യേകം പ്രത്യേകം മിന്നാമിന്നിയുണ്ടോ ??
ഉണ്ട് ചേച്ചി, ആരുമില്ലാത്ത രാത്രികളിൽ അനാഥാലയത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിനിൽക്കുമ്പോൾ, നിരാശയുടെ ,വേദനയുടെ, ഒറ്റപ്പെടലിന്റെ ഇരുട്ടിലേക്ക് പ്രതീക്ഷയുടെ കുഞ്ഞുവെളിച്ചമായി കടന്നുവരുന്ന മിന്നാമിന്നിയെ കണ്ടിട്ടുണ്ടോ ചേച്ചി, എന്ത് രസമാണന്നോ ആ കുഞ്ഞുവെളിച്ചത്തോട് നമ്മുടെ കഥ പറയാൻ.
ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി വേദനയുടെ തിരമാലകൾ ആ പതിനഞ്ചുവയസുകാരന്റെ കണ്ണിൽ അലയടിക്കുന്നുണ്ടായിരുന്നു.
ഇത് ജോബി ,ആലപ്പുഴയിൽ കന്യാസ്ത്രികൾ നടത്തുന്ന അനാഥാലയത്തിലെ അന്തേവാസിയാണ്. ഞാൻ ജോബിയെ പരിചയപ്പെടുന്നത് നഴ്സിംഗ് പഠനം കഴിഞ്ഞ് ജോലിയ്ക്ക് കയറിയതിനു ശേഷം കിട്ടുന്ന ആദ്യ ലീവിന് വരുമ്പോളാണ്, ഒരു കൂട്ടുകാരിയിൽ നിന്നാണ് ഇങ്ങനെ ഒരു അനാഥാലയത്തെപ്പറ്റി ഞാൻ അറിഞ്ഞത് ,ആ വർഷത്തെ എന്റെ ജന്മദിനത്തിന് തലേദിവസമാണ് ഞാനവിടെ പോകുന്നത് . കൈയിൽ ഉണ്ടായിരുന്ന മിഠായികൾ എല്ലാവർക്കും കൊടുക്കുമ്പോളാണ് കുറച്ചു മാറി ഒരു മരത്തിന്റെ ചുവട്ടിൽ കൈയിലൊരു ബുക്കുമായി അതിൽ എന്തോ കുത്തിക്കുറിക്കുന്ന ജോബിയെ കാണുന്നത്, അവിടുത്തെ മദർ പറഞ്ഞു അവൻ എപ്പോളും എഴുത്താണ്, നല്ല കഥയും ,കവിതയും .
ഞാൻ പതിയെ അവന്റെ അടുക്കലേക്ക് ചെന്നു മിഠായി കൊടുത്തു
ഹാപ്പി ബർത്ത് ഡേ ചേച്ചി..
ഞാൻ ചോദിച്ചു ഇന്ന് എന്റെ ബർത്ത് ഡേ ആണെന്ന് ആര് പറഞ്ഞു
അല്ലാതെ ആരാ ചേച്ചി ഞങ്ങളെ കാണാൻ വരിക ??
ആ ചോദ്യം എന്നെ ഒന്ന് വിഷമിപ്പിച്ചു.
ഞാനവനോട് കൂടുതൽ സംസാരിക്കാൻ ശ്രമിച്ചു, ഉച്ചയ്ക്ക് എല്ലാവരോടും ഒപ്പം ആഹാരം കഴിച്ചു
അപ്പോളേക്കും ജോബിയും ഞാനും നല്ല കൂട്ടുകാരായി .
അവിടെ നിന്ന് ഇറങ്ങുന്നതിന് മുൻപ് ജോബി എന്നോട് ചോദിച്ചു , ഞങ്ങളുടെ ഒപ്പം നിങ്ങളുടെ സന്തോഷദിനങ്ങൾ പങ്കിട്ട് നിങ്ങൾ തിരിച്ചു പോകുന്ന ആ രാത്രിയിൽ ഞങ്ങളുടെ മനസിന്റെ അവസ്ഥ അറിയാൻ നിങ്ങൾക്ക് പറ്റാറുണ്ടോ ??
ഒരു പതിനഞ്ചു വയസുകാരന്റെ ചോദ്യമല്ലായിരുന്നു അത് , നിരാശ നിറഞ്ഞ, ആരും ഇല്ലാ എന്ന് ആയിരംവട്ടം പറഞ്ഞു മനസിനെ പഠിപ്പിച്ച പക്വതയുള്ള ഒരാളുടെ ചോദ്യമായിരുന്നു അത്.
പിന്നീടുള്ള ഓരോ ദിനവും ആ ചോദ്യമെന്നെ അലട്ടിക്കൊണ്ടിരുന്നു . ശരിയാണ് ,നമ്മൾ നമ്മുടെ കുഞ്ഞുങ്ങളുടെ ജന്മദിനങ്ങൾ, നമ്മുടെ വിവാഹവാർഷികങ്ങളൊക്കെ വലിയ കേക്ക് മുറിച്ച് അവരുടെ മുൻപിൽ നിന്ന് ആഘോഷിക്കാറുണ്ട് ,നമ്മുടെ സന്തോഷത്തിൽ അവരേം പങ്കുചേർക്കാറുണ്ട് പക്ഷെ ഒരിക്കൽ എങ്കിലും ആ കുഞ്ഞുങ്ങൾക്കായി അവരുടെ ജന്മദിനത്തിനായി ഒരു ദിനം നാം മാറ്റിവെക്കാറുണ്ടോ ??
അവിടെയുള്ള കുഞ്ഞുങ്ങൾക്ക് ആർക്കും അവരുടെ യഥാർത്ഥ ജന്മദിനം അറിയില്ല, എന്നവർ അവിടെ എത്തിയോ അന്നാണ് അവരുടെ ജന്മദിനം. വെറും കാഴ്ചക്കാരായി അവരെ ചുറ്റും നിർത്തി നമ്മൾ ആഘോഷിക്കുന്നു നമ്മുടെ സന്തോഷം. നമ്മുടെ കുഞ്ഞ് കേക്ക് മുറിക്കുമ്പോൾ ആ കുഞ്ഞുങ്ങൾക്കും ആഗ്രഹം ഉണ്ടാകില്ലേ അങ്ങനെ ഒരു ദിനം ആഘോഷിക്കപ്പെടാൻ ?? .. ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ സന്തോഷം ആ കുഞ്ഞുങ്ങളുടെ ഉള്ളിൽ ഒരു വേദനയല്ലേ കൊടുക്കുന്നത് ??
നമ്മുടെ സന്തോഷം ആഘോഷിക്കപ്പെടേണ്ടത് അവരുടെ ദിനമായിട്ടാകണം. കാഴ്ചക്കാരായി നിർത്തുകയല്ല ആഘോഷിക്കപ്പെടുകയാണ് ചെയ്യേണ്ടത് , നമ്മുടെ ജന്മദിനങ്ങൾ അവരുടേത് ആകണം,അവർക്ക് വേണ്ടത് നമ്മുടെ ഒരു കഷ്ണം കേക്കല്ല , അവരുടെ ഓർമയിൽ എന്നും നിറഞ്ഞുനിൽക്കുന്നൊരു ദിനമാണ്. സ്നേഹത്തോടെയുള്ള ഒരു സ്പർശമാണ് അവർക്ക് വേണ്ടത്. സ്നേഹിക്കാൻ ആരും ഇല്ലാത്തവർക്ക് നമ്മൾ നീട്ടുന്ന ഒരു വിരൽതുമ്പിൽ പോലും സ്നേഹം കാണാൻ കഴിയും .
രാത്രിയിൽ ഒരു അമ്മച്ചൂടിനായി അവർ ആഗ്രഹിക്കുമ്പോൾ, പേടിച്ചു വിറയ്ക്കുന്ന രാത്രികളിൽ ഒരു അച്ഛന്റെ കരവലയത്തിന്റെ ആശ്രയം തേടുമ്പോൾ , ഞങ്ങൾക്ക് ആരുമില്ലായെന്ന് അവരുടെ മനസ് പറയുമ്പോൾ, അവരുടെ മനസിലേക്ക് ഓടി വരേണ്ടത് അവർക്കായി നമ്മൾ കൊടുത്ത സ്നേഹമാകണം , എന്നേലും ഒരിക്കൽ വീണ്ടും ഇതുപോലൊരു ദിനം എനിക്കായ് വരുമെന്നുള്ള പ്രതീക്ഷയാകണം .
പ്രതീക്ഷയുടെ ഇത്തിരി വെളിച്ചവുമായി അവർക്കിടയിലേക്ക് രാത്രിയിൽ കടന്നുവരുന്ന മിന്നാമിനുങ്ങുകളോട് അവർക്ക് പറയാൻ ഉണ്ടാകേണ്ടത് നിരാശയുടേം വേദനയുടേം കഥയല്ല, സ്നേഹിച്ചതിന്റേം സ്നേഹിക്കപ്പെട്ടത്തിൻറേം കഥയാകണം .അവർക്കായി ഒരു ദിനം , പങ്കുവെയ്ക്ക്പ്പെടേണ്ടത് അവരുടെ ജന്മദിന മധുരമാകണം, അലങ്കരിക്കപ്പെടേണ്ടത് അവരുടെ മനസാകണം .
( അവർക്കായ് ഒരു ദിനമെന്ന ചിന്ത എന്നിൽ നിറച്ച ജോബിനായി ഇത് സമർപ്പിക്കുന്നു )
ഷീനു


Comments
Post a Comment