ആസിഫാ


ആസിഫാ...

ആരാ അത്??..  എന്റെ ദാദാ വിളിക്കുന്ന പോലെ മധുരമായ ശബ്ദം.. ആരാ അത്??
ഇത് ഏതാ സ്ഥലം??

ഞാൻ ദൈവമാണ്, ഇത് സ്വർഗമാണ് കുഞ്ഞേ...

ങ്ങേ.. നീ എന്താ തിരിച്ചു നടക്കുന്നത്, ഇഷ്ടമായില്ലേ നിനക്കിവിടെ??
ഇല്ലാ...

അത് എന്താ നിനക്കിവിടെ ഇഷ്ടം അല്ലാത്തത്, ആസിഫാ, എല്ലാരും ഈ സ്ഥലം നേടാൻ വേണ്ടിയാ ഭൂമിയിൽ കിടന്ന് പരാക്രമം കാണിക്കുന്നേ,  നീ ഇവിടെ എത്തിയിട്ടും സന്തോഷമായില്ലേ??

ഇങ്ങള് ഏത് ദൈവമാണ്??  എണ്ണിയാൽ തീരാത്ത അത്രയുമുണ്ട്, അതാ ചോദിച്ചേ , ഇങ്ങള് ഹിന്ദു ദൈവമാണോ??, ക്രിസ്ത്യൻ ദൈവമാണോ??, അതോ മുസ്ലിം ദൈവമാണോ??

ഹാ ഹാ ഹാ...  ഒരു ദൈവമേ ഉള്ളു കുഞ്ഞേ..

ഇങ്ങള് സവർണ്ണനോ, അവർണ്ണനോ??

നീ എന്താ ആസിഫാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്??

ഒന്നുമില്ല ദൈവമേ,  എനിക്കിവിടം വേണ്ടാ, ഈ ദൈവത്തെയും വേണ്ടാ..

അതെന്നാ കുഞ്ഞേ അങ്ങനെ...

ഈ സ്വർഗത്തിൽ എത്താൻ ഞാൻ അനുഭവിച്ച വേദന ദൈവത്തിന് അറിയില്ലേ??
ഒരു ദൈവത്തിന്റെ മുന്പിലിട്ടാണ് എന്നെ കീറിപ്പറിച്ചു അവർ ആനന്ദിച്ചത്, അപ്പോൾ ഞാൻ നിലവിളിച്ചത് ഒന്നും ദൈവമേ നീ കേട്ടില്ലേ??
 ദൈവമേ നീ എന്റെ കൂടെ നിന്ന് താഴേക്കൊന്ന്‌  നോക്കിക്കേ,  ഒരു കുഞ്ഞു വീട്, അതായിരുന്നു എന്റെ സ്വർഗം, എന്റെ കൂട്ടുകാർ ഓടി കളിക്കുന്നത് നീ കാണുന്നില്ലേ അതായിരുന്നു എന്റെ സന്തോഷം, അവിടെനിന്നും എന്നെ വളരെ വേഗം നീ ഇവിടെ എത്തിച്ചു അതും ഏറ്റവും ക്രൂരമായി,  എന്റെ പ്രായത്തിലുള്ള ഒരു കുഞ്ഞിനു സഹിക്കാൻ പറ്റുന്നതിലും നുറ്ഇരട്ടി വേദന തന്ന്..

ഇനി നീ മറുവശത്തേക്കു ഒന്ന് നോക്കിക്കേ..
എന്നെ പിച്ചിചീന്തിയവർക്കു വേണ്ടി എന്റെ രാജ്യത്തിന്റെ പതാകയും പിടിച്ചു സമരം നടത്തുന്നവർ ...  നിയമവും നിയമപാലകരും രാഷ്ട്രീയക്കാരും അവർക്കൊപ്പം... ഇതാണോ നിന്റെ നീതി?? ..
നീ ഒന്നൂടെ ഒന്ന് സുക്ഷിച്ചു നോക്കിക്കേ, ആ ഇരുളിന്റെ മറ പറ്റി വീടും നാടും ഉപേക്ഷിച്ചു ഓടി പോകുന്നത് എന്റെ മാതാപിതാക്കളാണ്.. ഇതാണോ നിന്റെ ന്യായം??..

എന്റെ കണ്ണീര് കാണാത്ത എന്റെ നിലവിളി കേൾക്കാത്ത ദൈവത്തിന്റെ സ്വർഗം എനിക്കാവിശ്യമില്ല...
പോവുകയാണ് തീ പാറുന്ന നരകത്തിലേക്ക്,  ആ തീ നാളങ്ങൾ എന്നെ വേദനിപ്പിക്കില്ല,  ഏറ്റവും വലിയ വേദന ഞാൻ അനുഭവിച്ചു കഴിഞ്ഞു , ഇനിയുള്ളതൊക്കെ അതിലും കുറഞ്ഞത് മാത്രം ..ആ നരാധമന്മാർ അശുദ്ധമാക്കിയ എന്നെ അഗ്നിശുദ്ധി വരുത്താൻ ഞാൻ പോവുകയാണ് ...

പോകുന്നതിന് മുൻപ് ദൈവമേ നിന്നോട് ഒരു ചോദ്യം .... ഇതുപോലെ എത്രയെത്ര കുഞ്ഞുങ്ങൾ ഇവിടെയെത്തി, ആരുടേയും വേദന നിന്നെ സ്പർശിച്ചില്ലേ ,ആരുടേം നിലവിളി നീ കേട്ടില്ലേ??, ഇനിയെങ്കിലും നിന്റെ ഉറക്കത്തിൽ നിന്നു നിനക്കൊന്നു ഉണർന്നുടെ??  കാപാലികന്മാർക്കു നേരെ കണ്ണടക്കാതെ ഒന്ന് പ്രവർത്തിച്ചുടെ ??.    അദൃശ്യനായ ഒരുവനിൽ വിശ്വസിക്കുന്ന ജനങ്ങളുടെ വിശ്വാസം നിലനിൽക്കാൻ എങ്കിലും ,വല്ലപ്പോഴും ....വല്ലപ്പോഴും ഒന്ന് ഉണർന്നുടെ ?? 


ഷീനു


Comments