മാനസിക നിലയങ്ങൾ



"അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പോ കല്യാണം
മകര മാസത്തിൽ വേലികെട്ടിയിട്ട്
അപ്പൊക്കല്യാണം "
മധ്യപ്രദേശിലെ ഇൻഡോർ എന്ന സ്ഥലത്തിലെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ക്ലാസ്സിന്റെ ഭാഗമായി ചെന്നപ്പോൾ ആദ്യം കേട്ടത് ഇതാണ്, ഇവിടെ ആരാണ് മലയാളം പാട്ടുകൾ പാടുന്നത് എന്നറിയാൻ ഭയങ്കര ആകാംഷ, ആദ്യമായി ചെന്ന ഞങ്ങളുടെ കണ്ണുകളിലെ ആകാംഷ തിരിച്ചറിഞ്ഞു അവിടുത്തെ നഴ്സിംഗ് സുപ്രണ്ടന്റ് പറഞ്ഞു നിങ്ങള്ക്ക് മുൻപ് വന്നു പോയ നിങ്ങളുടെ ചേച്ചിമാർ ആണ് അവളെ ഇത് പഠിപ്പിച്ചത്...

 ആരാണവൾ അറിയാൻ ഒരു ആഗ്രഹം.... അൽക്ക, 18 വയസ്സ് മാത്രമുള്ള കൊലുന്നനെയുള്ള ഒരു പെൺകുട്ടി, കേസ്ഷീറ്റ് പഠിച്ചു, ബലാത്സംഗം ചെയ്യപ്പെട്ട് മാനസികനില തെറ്റിയ ഒരു പെൺകുട്ടി. ഏകദേശം ഒരുമാസത്തോളം ഞങ്ങൾ ആ അന്തേവാസികളുടെ കൂടെ ഉണ്ടായിരുന്നു... ഒരു ദിവസം കയ്യിൽ വലിയൊരു കല്ലുമായി വാച്ച്മാനെ എറിയാൻ ഓടിക്കുന്ന ഭാരതിയുടെ മുൻപിൽ ചെന്ന്പെട്ടു, ആണുങ്ങളോട് തീരാത്ത പകയുമായി ജീവിക്കുന്ന ഭാരതി, ഭർത്താവ് മറ്റുള്ളവർക്ക് കാഴ്ചവെച്ചത് നിമിത്തം മനസിന്റെ നിയന്ത്രണം നഷ്ടമായവൾ, ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് മുകളിൽ കൂടെ ഇന്ദിരാഗാന്ധി പോകുമ്പോൾ വെടിവെച്ചിടാൻ നോക്കിയിരിക്കുന്ന ഇംഗ്ലീഷ് പ്രൊഫസ്സർ അങ്ങനെ കുറേ കുറേ മുഖങ്ങൾ...

 അവിടെയുള്ള ആയമാർ പറഞ്ഞറിഞ്ഞു മാനസികനില നഷ്‌ടമായ ആ പാവങ്ങളെ രാത്രിയിലും ശാരീരികമായി ഉപയോഗിക്കുന്ന അവിടുത്തെ വാച്ച്മാൻമാരുടെ കഥ, എതിർക്കുന്നവരെ ശാരീരികമായി ഉപദ്രവിക്കുന്ന കഥ, വൃത്തിഹീനമായ അവസ്ഥയിലും അവരെ കൊണ്ടിടുന്ന മാനേജ്മെന്റ്, അസുഖം ഭേദമായിട്ടും വീട്ടുകാർക്ക് വേണ്ടാത്ത കുറേ ജന്മങ്ങൾ വേറെ... മനസ്സിൽ ഇന്നും തറഞ്ഞു നിൽക്കുന്നൊരു അമ്മയും മകളുമുണ്ട്, ബോംബയിലെ ഏറ്റവും സമ്പന്നമായ ചുറ്റുപാടിൽ ജീവിച്ച അമ്മയും മകളും, സ്വന്തം മകൻ തന്നെ സ്വത്തിനു വേണ്ടി അമ്മയെയും പെങ്ങളെയും ഭ്രാന്തർ എന്ന് മുദ്രകുത്തി മാനേജ്മെന്റ്നു കാശ് കൊടുത്തു ഒരു ഒറ്റ മുറിയിൽ കൊണ്ട് അടച്ചു ഇട്ടേക്കുന്ന കാഴ്ച, ആ അമ്മ അപ്പോളും മകന് കത്തെഴുതാൻ ഞങ്ങളോട് പറയുന്നുണ്ടാരുന്നു...

സത്യത്തിൽ ആരുടെ മാനസികനിലയാണ് ഇവിടെ തകരാർ??? ... സ്വന്തം സുഖത്തിനു വേണ്ടി രോഗിയാണ് എന്ന് ഓർക്കുക പോലും ചെയ്യാതെ ആ പാവങ്ങളെ ഭോഗിക്കുന്നവന്റെ മാനസികനില എന്ത്?? കാശിനു വേണ്ടി സ്വന്തം അമ്മയെയും പെങ്ങളെയും മാനസികരോഗിയാക്കിയവന്റെ മനോനില എന്ത്?? സത്യത്തിൽ അതിനുള്ളിൽ കിടക്കുന്നവരേക്കാൾ കൂടുതൽ മാനസിക രോഗികൾ പുറത്ത് തന്നെയല്ലേ?? മതഭ്രാന്തന്മാർ, രാഷ്ട്രീയം തലയ്ക്കു പിടിച്ചവർ, പണകൊഴുപ്പുകൾ കൊണ്ട് അന്ധരായവർ.... ശരിക്കും ചികിത്സ വേണ്ടത് സമൂഹത്തിനാണ്, ചില ചിന്തകൾക്കാണ്, ചില ചിന്തകളെ അടിച്ചേൽപ്പിക്കുന്ന നേതാക്കൻമ്മാർക്കാണ്.....

ഞങ്ങൾ ചെന്നതിന്റെ മൂന്നാം ദിവസം അവിടെ ഒരു മരണം നടന്നു, എതിർത്തവളെ ഇല്ലാതാക്കി കളഞ്ഞു, ചോദിക്കാനും പറയാനും ആരുമില്ലാത്ത ആ ജന്മം പൊതു ശ്മശാനത്തിൽ അടക്കപ്പെട്ടു...

ഒരു വലിയ മതിൽകെട്ടിനുള്ളിൽ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ, ആർക്കും വേണ്ടാതെ, സ്വപ്നങ്ങളും മോഹങ്ങളും പാതിവഴിയിൽ എവിടെയോ തല്ലിയുടക്കപ്പെട്ട, മനസ് ചില്ലു കഷ്ണങ്ങൾ പോലെ ഉടയ്ക്കപ്പെട്ട കുറേ ജന്മങ്ങൾ.....
നാളുകൾക്കു ശേഷം അറിഞ്ഞു അൽക്കയും പോയിയെന്നു.... ഒരുപക്ഷെ എതിർത്തപ്പോൾ അവളെയും അവർ...

                                                           ഷീനു


             

Comments